ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികരേഖകളിൽ കേരള എന്നതിനുപകരം കേരളം എന്നാക്കാനുള്ള കേരള (പേരു മാറ്റൽ) ബിൽ 2026 ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്സഭയുടെ അജൻഡപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിൽ പട്ടികപ്പെടുത്തിയിരുന്ന ബിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് അവതരിപ്പിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തി ബിൽ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും അമിത് ഷാ പാർലമെന്റിൽ എത്താത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ പിരിഞ്ഞതോടെ ബിൽ പാസാക്കുന്നതിനായി ഇന്നലെ പരിഗണിച്ചില്ല. ഇരുസഭകളും ബിൽ പാസാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുന്ന ദിവസം മുതൽ മാറ്റം പ്രാബല്യത്തിൽ വരും.
ബിൽ നിയമമാകുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ, നാലാം ഷെഡ്യൂൾ, ആർട്ടിക്കിൾ 31(എ), 290(എ) എന്നിവിടങ്ങളിൽ പരാമർശിച്ചിരിക്കുന്ന കേരള എന്ന പേര് കേരളം എന്നാക്കി മാറ്റും. പേരുമാറ്റം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. കൂടാതെ, ബിൽ പ്രാബല്യത്തിലാകുന്നതോടെ കോടതിനടപടികളിൽ നിലവിലെ കേസുകൾക്കും പുതിയ കേസുകൾക്കും സ്റ്റേറ്റ് ഓഫ് കേരള എന്നതിനു പകരം സ്റ്റേറ്റ് ഓഫ് കേരളം എന്നായി മാറും.
2024 ജൂൺ 24ന് കേരള നിയമസഭാഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് രാഷ്ട്രപതിയുടെ ശിപാർശയോടെയാണു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.